ജയ്പൂർ : കൊവിഡ് -19ന്‍റെ പശ്ചാത്തലത്തിൽ സൈനിക മേധാവി ജനറൽ നരവാനെ ജയ്സാൽമീർ സൈനിക ക്യാമ്പ് സന്ദർശിച്ചു.കോവിഡ് -19 രോഗികളെ നിരീക്ഷണത്തിൽ വക്കാനുള്ള സൗകര്യങ്ങൾ പരിശോധിക്കാനാണ് സന്ദർശനം. ഇതോടനുബന്ധിച്ച് നിരീക്ഷണത്തിന് സൗകര്യമൊരുക്കുന്നതിനായി ക്യാമ്പിൽ സ്ഥാപിച്ച വെൽനസ് സെന്‍ൽ പരിശോധിച്ചു. കൂടാതെ പടിഞ്ഞാറൻ അതിർത്തി സന്ദർശിക്കുകയും സൈന്യത്തിന്‍റെ പ്രവർത്തന സന്നദ്ധത അവലോകനം ചെയ്യുകയും ചെയ്തു. മാർച്ച് 17 ന് ആരംഭിച്ച 2 ദിവസത്തെ സന്ദർശന വേളയിലാണ് അദേഹം സൈനിക ക്യാമ്പിൽ എത്തിയത്. സതേൺ കമാൻഡ് ചീഫ് ലഫ്റ്റനന്റ് ജനറൽ സി പി മൊഹന്തിയും ഒപ്പമുണ്ടായിരുന്നു.
ക്യാമ്പിൽ സ്ഥാപിച്ച വെൽനസ് സെന്‍ററിലാണ് ഇറാനിൽ നിന്ന് ഒഴിപ്പിച്ച 118 പുരുഷന്മാർക്കും 171 സ്ത്രീകൾക്കും 14 ദിവസത്തെ നിരീക്ഷണം ഒരുക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ പുർണ്ണ ആരോഗ്യമുള്ള അവസ്ഥയിൽ ക്യാമ്പിൽ നിന്ന് പുറത്ത് പോകും എന്ന് ഉറപ്പ് വരുത്താനാണ് വെൽനസ് സെന്‍റർ സ്ഥാപിച്ചത്.
നിരീക്ഷണ സമയത്ത് ആളുകളുടെ താമസം സുഗമമാക്കുന്നതിന് എല്ലാ സൗകര്യങ്ങളും വെൽനസ് സെന്‍ററിൽ സജ്ജീകരിച്ചിരിക്കും. സുരക്ഷയ്ക്കായി ജവാൻമാരെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. സതേൺ കമാൻഡറെയും കൊണാർക്ക് കോർപ്‌സിനെയും കരസേനാ മേധാവി പ്രശംസിച്ചു.