പട്‌ന: മധ്യപ്രദേശിലെ ജബൽപൂരിലെ സെൻട്രൽ ഓർഡനൻസ് ഡിപ്പോയിൽ (സിഒഡി) നിന്ന് ആയുധ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റില്‍. ബിഹാറിലെ ഗയ ജില്ലയിലെ ആത്രി നിവാസിയായ രാജീവ് രഞ്ജൻ സിംഗ് എന്ന ചുനു സിംഗാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ചയാണ് ഇയാളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാളായ റിസ്വാന ബീഗത്തിന്‍റെ വീട്ടിൽ നിന്ന് എകെ സീരീസ് ആയുധങ്ങൾ പിടിച്ചെടുത്തതായും അന്വേഷണ ഏജൻസി അറിയിച്ചു. 2018 സെപ്റ്റംബർ ഏഴിന് ബിഹാറിലെ മുഫാസിൽ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കേസ് പിന്നീട് എൻഐഎ ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിൽ വിരമിച്ച ഉദ്യോഗസ്ഥർ നിരോധിത എകെ സീരീസ് ആയുധങ്ങൾ സെൻട്രൽ ഓർഡനൻസ് ഡിപ്പോയിൽ നിന്ന് മോഷ്ടിച്ച് ബിഹാറിലെ മുംഗർ ആസ്ഥാനമായുള്ള ആയുധക്കടത്തുകാർക്ക് വിൽക്കുകയും പിന്നീട് ഇവ വിവിധ നക്‌സൽ സംഘടനകളിലേക്ക് എത്തിച്ചേർന്നതായി കണ്ടെത്തുകയുമായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 13 പേരെ എൻഐഎ അറസ്റ്റ് ചെയ്‌തിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.