ന്യൂഡൽഹി: വഞ്ചന, തട്ടിപ്പ്, പണം വഴിതിരിച്ചുവിടൽ എന്നീ ആരോപണങ്ങൾ നേരിടുന്ന പ്രണവ് അൻസലിനെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തു. റിയൽ എസ്റ്റേറ്റ് സ്ഥാപനം അൻസൽ എപിഐയുടെ വൈസ് ചെയർമാനാണ് പ്രണവ് അൻസൽ. ലണ്ടനിലേക്ക് യാത്രാ ചെയ്യാനെത്തിയ പ്രണവിനെ ഇമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. അൻസൽ ഗ്രൂപ്പ് ദരിദ്രരെയും ഒപ്പം അർദ്ധസൈനിക വിഭാഗത്തെയും വഞ്ചിച്ചെന്നും ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെന്നും സീനിയർ പോലീസ് സൂപ്രണ്ട് കലാനിധി നെയ്‌താനി പറഞ്ഞു.
തട്ടിപ്പ് പണം ഉപയോഗിച്ച് രാജ്യം വിട്ട് പോകാൻ പ്രണവ് പദ്ധതിയിട്ടിരുന്നതായും ലുക്ക് ഔട്ട് നോട്ടീസിനെക്കുറിച്ച് ഇയാൾ അറിഞ്ഞിരുന്നില്ലെന്നും നെയ്‌താനി കൂട്ടിച്ചേർത്തു. ക്രിമിനൽ വിശ്വാസലംഘനം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.