ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷന്‍റെ (ഡബ്ല്യുഎംസിസി) അടുത്ത കൂടിക്കാഴ്‌ച ഇന്ന് നടക്കും. ഇന്ത്യ-ചൈന ധാരണപ്രകാരമുള്ള സൈനിക പിന്മാറ്റ പ്രക്രിയ പട്രോളിങ് പോയിന്‍റ് 15ൽ പൂർത്തിയായി. ചൈനീസ് സൈന്യം ഏകദേശം രണ്ട് കിലോമീറ്റർ പിന്മാറിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു.
യഥാർഥ നിയന്ത്രണ രേഖയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി സൈനികരുടെ പൂർണമായ പിന്മാറ്റം എത്രയും വേഗം ഉറപ്പാക്കുമെന്ന് ഇന്ത്യയും ചൈനയും വ്യക്തമാക്കി. അതിർത്തി ചർച്ചകളുടെ പ്രത്യേക പ്രതിനിധികളായ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് പിന്മാറാൻ തുടങ്ങി.
എൽഎസിയെ ഇരുപക്ഷവും ബഹുമാനിക്കുകയും നിലപാടിൽ മാറ്റം വരുത്താൻ ഏകപക്ഷീയമായ നടപടിയെടുക്കാതിരിക്കുകയും ചെയ്യണമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചു. അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തിന് വിള്ളൽ വീഴ്‌ത്താൻ ശ്രമിക്കുന്ന സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ധാരണയായി. ഗാൽവാൻ മേഖലയിൽ ചൈനീസ് സേനാ വാഹനങ്ങളുടെ സാന്നിധ്യമുള്ള സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം തുടർച്ചയായി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.