ന്യൂഡൽഹി: മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ഇന്ത്യൻ സർക്കാർ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പി.ഇ.ടി.എ ഇന്ത്യൻ സിഇഒ ഡോ.മണിലാൽ വള്ളിയേറ്റ്. സ്‌ഫോടക വസ്തുക്കൾ കഴിച്ച് കേരളത്തിൽ ആന ചെരിഞ്ഞതിന്‍റെയും ഹിമാചൽ പ്രദേശിൽ പശു ചത്തതിന്‍റെയും പശ്ചാത്തലത്തിലാണ് പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് അനിമൽസ് (പി.ഇ.ടി.എ) ഇന്ത്യൻ മേധാവിയുടെ നിരീക്ഷണം.
ഇത്തരം സംഭവങ്ങൾ ചില പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുന്നതല്ല. രാജ്യമെമ്പാടും സംഭവിക്കുന്നു. ഓരോ ദിവസവും നൂറിലധികം കേസുകളാണ് ഇത് സംബന്ധിച്ച് പി.ഇ.ടി.എക്ക് ലഭിക്കുന്നത്. പശുക്കൾക്കും ആനകൾക്കും മാത്രമായി സംഭവിക്കുന്ന ഒന്നല്ല ഇത്തരം സംഭവങ്ങൾ. മറ്റ് അനവധി മൃഗങ്ങളും ഇരകളാണ്. മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി രൂപപ്പെടുത്തിയ നിയമങ്ങൾ ശക്തിപ്പെടുത്തണം. നിലവിലെ നിയമമനുസരിച്ച് മൃഗങ്ങളോട് ക്രൂരത ചെയ്യുന്ന കുറ്റവാളിക്ക് 50,000 രൂപയാണ് പിഴ. ഇത് ശിക്ഷയില്ലാത്തതിന് തുല്യമാണെന്ന് ഡോ. മണിലാൽ കൂട്ടിച്ചേർത്തു. തങ്ങളുടെ കർമ്മത്തെ ഗൗരവമായി കണക്കാക്കുന്നില്ലെന്ന് ആരോപിച്ച് മുനിസിപ്പൽ ഏജൻസികളെയും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്ത് പലയിടങ്ങളിലും പശുക്കൾ അലഞ്ഞുനടന്ന് മാലിന്യങ്ങൾ ഭക്ഷിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.