ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജർമൻ ചാൻസലർ അംഗല മെർക്കൽ ഇന്ന് ഇന്ത്യയിലെത്തും. ഡൽഹിയിലെത്തുന്ന ആംഗെലാ മെർക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. ജര്‍മനിയുമായി സുപ്രധാന കരാറുകള്‍ ഒപ്പിടാന്‍ സാധ്യതയുണ്ട്.
കൂടിക്കാഴ്ചയില്‍ സാമ്പത്തിക, വ്യാപാര മേഖലകള്‍ക്കും ഡിജിറ്റല്‍ സഹകരണത്തിനും സംരക്ഷണത്തിനും ഊന്നല്‍ നല്‍കുമെന്നാണ് വിവരം. ഇന്ത്യയുടെ യൂറോപ്പില്‍ നിന്നുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ജര്‍മനി. 1700 ജര്‍മന്‍ കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.
കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍. ആർട്ടിക്കിൾ 370 റദ്ദാക്കിയത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ത്യയും ജർമനിയും തമ്മിൽ സുദീർഘമായ ബന്ധം നിലനിൽക്കുന്നുണ്ടെന്നും ഈ വിഷയവും സമാധാനപരമായിത്തന്നെ ചർച്ച ചെയ്യാനാവുമെന്നും ജർമൻ അംബാസിഡർ വാൾട്ടർ ലിൻഡർ ഇന്നലെ പറഞ്ഞിരുന്നു.