അമരാവതി: ആന്ധ്രയില്‍ 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകള്‍ തിങ്കളാഴ്‌ച മുതല്‍ തുറക്കും. എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കുമെന്ന് ആന്ധ്രസര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹ്യ അകലം പാലിക്കുന്നതിനായി ഒരു ക്ലാസില്‍ 16 കുട്ടികളെ മാത്രമേ ഇരുത്തുകയുള്ളുവെന്നും സര്‍ക്കാര്‍ അറിയിച്ചു. 180 പ്രവൃത്തി ദിവസങ്ങള്‍ ഉറപ്പുവരുത്താനായി 2020-21 അധ്യയന വര്‍ഷം ഏപ്രില്‍ 30 വരെ നീട്ടും. വിവിധ ക്ലാസുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ കമ്മീഷണര്‍ ചിന്ന വീരഭദ്രുഡു അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. ഉച്ചയ്‌ക്ക് ശേഷമാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ക്ലാസ് 6 മുതല്‍ 8 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 23 മുതല്‍ സ്‌കൂളുകള്‍ തുറക്കും. 1 മുതല്‍ 5 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഡിസംബര്‍ 14 മുതല്‍ ആരംഭിക്കും. രാവിലെ 9.15 മുതല്‍ 1.45 വരെയാണ് ക്ലാസുകള്‍ ഉണ്ടാവുക. ഉച്ചയ്‌ക്ക് ശേഷം ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഓണ്‍ലൈന്‍ ക്ലാസിനായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അവസരങ്ങളൊരുക്കുമെന്നും വിദ്യാഭ്യാസ കമ്മീഷണര്‍ അറിയിച്ചു. റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കായി താമസ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 2 മുതല്‍ 23 വരെ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്‌ഡഡ്, സ്വകാര്യ മേഖലകളിലായി 60,000ത്തോളം സ്‌കൂളുകളുണ്ട്.