അമരാവതി: കൊവിഡ് വാക്സിൻ രാജ്യത്ത് നൽകി തുടങ്ങാനിരിക്കെ വാക്സിൻ സംഭരണ പരിപാടികൾ ആരംഭിച്ച് ആന്ധ്രാപ്രദേശ്. സംസ്ഥാനത്തെ കൃഷ്ണ ജില്ലയിലെ ഗണ്ണാവരത്ത് വാക്സിനുകൾ സംഭരിക്കുന്നതിനായി ആറ് വലിയ ഐസ് ലൈൻ റഫ്രിജറേറ്ററുകൾ സംസ്ഥാനം സജ്ജമാക്കി. തിങ്കളാഴ്ച മുതൽ നിയുക്ത കേന്ദ്രങ്ങളിലേക്ക് സംഭരണികൾ അയക്കുമെന്ന് ആന്ധ്ര ആരോഗ്യ കുടുംബക്ഷേമ കമ്മിഷണർ ഭാസ്‌കർ കടംനേനി അറിയിച്ചു.
റഫ്രിജറേറ്ററുകളിൽ മൂന്നെണ്ണം 40,000 ലിറ്റർ ശേഷിയും മൂന്ന് എണ്ണം 16,500 ലിറ്റർ ശേഷിയും ഉള്ളവയാണ്. വാക്സിനേഷൻ സംഭരണ കേന്ദ്രങ്ങളിൽ 50 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വാക്സിൻ മോഷണവും ദുരുപയോഗവും നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിനെ കമാൻഡ് കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുമുണ്ട്. ആസ്ഥാനമായ ഗണ്ണാവവരത്തോടൊപ്പം ഗുണ്ടൂർ, കടപ്പ, കർനൂൾ, വിശാഖപട്ടണം മേഖലകളും ജില്ലാ ആസ്ഥാനങ്ങളും കർശന സുരക്ഷയിലാണ്.
ഗർഭിണികൾക്കും കുട്ടികൾക്കും വാക്സിൻ എത്തിക്കുന്നതിനായി നിലവിൽ 26 വാഹനങ്ങൾ സംസ്ഥാനത്തുണ്ട്. ഇതുകൂടാതെ, 25 വാഹനങ്ങൾ കൂടി വിന്യസിക്കുകയും അവയുടെ ചലനം ജിപിആർഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷിക്കുകയും അതോടൊപ്പം ഓരോ വാഹനത്തിലും ഒരു പൊലീസുകാരനെ നിയമിക്കുകയും ചെയ്യുമെന്ന് കടംനേനി വ്യക്തമാക്കി. ഡിസംബർ 28, 29 തീയതികളിൽ നടത്താനിരിക്കുന്ന വാക്സിൻ ഡ്രൈ റണ്ണിലൂടെ കൊവിൻ-20 ആപ്പിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആരോഗ്യ പ്രവർത്തകർക്ക് വ്യക്തമാകുമെന്നും കടംനേനി കൂട്ടിച്ചേർത്തു.