ദ്വാരക (കര്‍ണാടക): പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കൊല്ലപ്പെട്ട ആനയ്‌ക്ക് ആദരവായി കളിമണ്ണില്‍ ആനയുടെ രൂപമുണ്ടാക്കി ഒരു കലാകാരൻ. ദ്വാരക സ്വദേശിയായ മഞ്ചുനാഥ് ഹയര്‍മാത് എന്ന കലാകാരാനാണ് വയറ്റില്‍ കുഞ്ഞുള്ള ആനയുടെ രൂപം കളിമണ്ണില്‍ നിര്‍മിച്ചത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത അവസാനിപ്പിക്കണമെന്നുള്ള സന്ദേശം നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും പാലക്കാട്ടെ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മഞ്ചുനാഥ് ഹയര്‍മാത് ആവശ്യപ്പെട്ടു.
കൈതചക്ക തോട്ടത്തിൽ പന്നികളെ തുരത്താൻ വച്ച പടക്കം തിന്ന് വായില്‍ ഗുരുതരമായി പരിക്കേറ്റ ആന 27നാണ് പുഴയിൽ വച്ച് ചെരിഞ്ഞത്. അവശനിലയിൽ പുഴയിൽ തുടർന്നതിനാൽ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചത്. സംഭവം രാജ്യവ്യാപകമായി ചര്‍ച്ചയാകുന്നുണ്ട്. നിരവധി പ്രമുഖര്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.