കൊൽക്കത്ത: രണ്ടു ദിവസം നീണ്ടു നിന്ന പഞ്ചിമ ബംഗാൾ സന്ദർശനത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്‌ച ഡൽഹിയിലേക്ക് മടങ്ങി. 2021ൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ ബംഗാൾ സന്ദർശനം. കഴിഞ്ഞ ശനിയാഴ്‌ച അമിത് ഷാ പങ്കെടുത്ത പങ്കെടുത്ത റാലിയിൽ 11 എംഎൽഎമാരും ഒരു എംപിയും ഒരു മുൻ എംപിയും ബിജെപിയിൽ ചേർന്നിരുന്നു.
തൃണമൂൽ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി ഉൾപ്പടെയുള്ളവരാണ് ബിജെപിയിൽ ചേർന്നത്. സന്ദർശനത്തിന്‍റെ അവസാന ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ സുവേന്ദു അധികാരിയെ അമിത് ഷാ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തു. അനീതിക്കെതിരെ ശബ്‌ദമുയർത്തുന്ന എല്ലാവരും ബിജെപിയിൽ ചേരണമെന്നും ഷാ പറഞ്ഞു. പഞ്ചിമ ബംഗാളിലെ ജനങ്ങൾ എത്രത്തോളം മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരാണെന്ന് ബിർബൂമിൽ തന്‍റെ റോഡ്ഷോയിൽ പങ്കെടുത്തവരുടെ എണ്ണം പരിശോധിച്ചാൽ വ്യക്‌തമാകുമെന്നും അമിത് ഷാ പറഞ്ഞു.