ന്യൂഡൽഹി: സിജിഒ സമുച്ചയത്തിന് സമീപം പുതിയ കേന്ദ്ര റിസർവ് പൊലീസ് സേന ആസ്ഥാനം ശിലാസ്ഥാപനം ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ശിലാസ്ഥാപനം നടത്തിയത്. 2022 ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 277 കോടി രൂപയാണ് ചെലവ്. മൂന്ന് ബേസ്മെന്‍റുകളുള്ള 11 നില കെട്ടിടത്തിന് മൊത്തം 45,675 ചതുരശ്ര മീറ്റർ വിസ്‌തീർണമുണ്ട്.
ഓഫീസുകൾക്ക് പുറമെ കെട്ടിടത്തിൽ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, സബോർഡിനേറ്റ് സ്റ്റാഫുകളെ ഉൾക്കൊള്ളാനുള്ള ബാരക്കുകൾ, സ്വീകരണ മുറികൾ, ജിംനേഷ്യം എന്നിവയും ഉണ്ടായിരിക്കും. 520 കാറുകളുടെ പാർക്കിംഗ് ശേഷിയുള്ള ഈ കെട്ടിടത്തിൽ ആറാമത്തെയും ഏഴാമത്തെയും നിലയിലെ സ്കൈവാക്കുകൾ ഒരു കഫെറ്റീരിയയുമായി ബന്ധിപ്പിക്കും. ടെറസിൽ പുൽത്തകിടി, ഖരമാലിന്യ പരിപാലന സംവിധാനം എന്നിവയും ഉണ്ടായിരിക്കും. 1939 ൽ ക്രൗൺ റെപ്രസെന്‍റേറ്റീവിന്‍റെ പൊലീസ് സേനയായി ആരംഭിച്ച സിആർപിഎഫ് സ്വാതന്ത്ര്യത്തിന് ശേഷം പുനർനാമകരണം ചെയ്യപ്പെട്ടു. ഈ അർദ്ധസൈനിക വിഭാഗത്തിന് ഇപ്പോൾ 246 ബറ്റാലിയനുകളും 3.25 ലക്ഷം ഉദ്യോഗസ്ഥരുമുണ്ട്. മാവോയിസ്റ്റ് വിരുദ്ധ സേനയായ 'കോബ്ര'യും അതിന്റെ ഭാഗമാണ്.