ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് മാറ്റ് കുറയും. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷം മുൻ വർഷങ്ങളിലേത് പോലെ പ്രൗഢഗംഭീരമായിരിക്കില്ല. കൊവിഡ് പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം ഉൾപ്പെടെയുള്ള മുൻകരുതല്‍ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതേസമയം ചെങ്കോട്ടയിലെ ആളുകളുടെ ഒത്തുചേരല്‍ പരിമിതപ്പെടുത്തുമെങ്കിലും ആഘോഷ പരിപാടികളുടെ വെര്‍ച്വല്‍ സംപ്രേഷണത്തിന് ഊന്നല്‍ നല്‍കും.
ഈ വർഷം ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മൂന്നിലൊന്നോ അതിൽ കുറവോ ആയി പരിമിതപ്പെടുത്തും. ഇതിനർഥം സുരക്ഷാ ഏജൻസികൾ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നാണെന്ന് ചെങ്കോട്ടയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ചെങ്കോട്ടയുടെയും പ്രധാനമന്ത്രിയുടെയും സുരക്ഷയും പ്രതിരോധ മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നതിനാൽ ഡല്‍ഹി പൊലീസ് പുറത്തെ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കും.
വിശിഷ്‌ടാതിഥികൾക്കുള്ള ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിക്കുന്ന രീതിയിലാകും ക്രമീകരിക്കുക. അതായത് ഈ വര്‍ഷം മുൻ വര്‍ഷങ്ങളിലേക്കാൾ കസേരകളുടെ എണ്ണം കുറവായിരിക്കും. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പൊതുജനങ്ങൾക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
നാല് ഐസൊലേഷൻ മുറികൾ ചെങ്കോട്ടയുടെ അകത്തും പുറത്തുമായി സജ്ജീകരിക്കും. ഈ വര്‍ഷം മുൻ വര്‍ഷത്തേക്കാൾ അധികം ആംബുലൻസുകളും വിന്യസിക്കും. കൂടാതെ ചെങ്കോട്ടയിലെ എല്ലാ ഉദ്യോഗസ്ഥരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. സ്കൂൾ കുട്ടികളെ ആഘോഷ പരിപാടിയില്‍ അനുവദിക്കുമോ എന്നതും സംശയമാണ്. സാമൂഹിക അകലം പാലിക്കുന്നതിനും സുരക്ഷാ പരിശോധനകൾക്കുമായി വിവിധ ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കും. ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും സിസിടിവി ക്യാമറകളിലൂടെ നിരീക്ഷണം നടത്തും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ പരിശോധിക്കാൻ ഡല്‍ഹി പൊലീസ് മോക്ക് ഡ്രില്‍ നടത്തിയിരുന്നു.