ശ്രീനഗർ: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് മുൻ പിഡിപി നേതാവ് സൈദ് അല്‍ത്താഫ് ബുഖാരി. കഴിഞ്ഞ അഞ്ച് വർഷമായി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് പാർട്ടി രൂപീകരിച്ചതെന്ന് അല്‍ത്താഫ് ബുഖാരി പറഞ്ഞു. ജമ്മു ആന്‍റ് കശ്മീർ അപ്‌നി പാർട്ടി (ജെകെഎപി) രൂപീകരിച്ച ബുഖാരി പ്രതീക്ഷകളും വെല്ലുവിളികളും വലുതാണെന്നും ജനങ്ങളുടെ താൽപര്യാർഥം വെല്ലുവിളികളെ അതിജീവിക്കാൻ തയ്യാറാണെന്നും പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിന് ശേഷം ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ജനം നിരാശരാണെന്നും ടൂറിസവും പ്രാദേശിക വ്യവസായങ്ങളും തകർച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഡിപി, നാഷണൽ കോൺഫറൻസ് (എൻസി), കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നായി മുപ്പത്തിയൊന്ന് രാഷ്ട്രീയ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വികസന രാഷ്ട്രീയമാകും പാർട്ടി ചർച്ചയാക്കുകയെന്നും പാര്‍ട്ടി അറിയിച്ചു.