മുംബൈ: സംസ്ഥാന സർക്കാർ ധാർമ്മിക പ്രശ്‌നങ്ങൾ ഉപേക്ഷിക്കണമെന്നും മദ്യവിൽപന ശാലകൾക്കും റെസ്റ്റോറന്‍റുകൾക്കും പുനഃരാരംഭിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവ നിർമാണ്‍ സേന പ്രസിഡന്‍റ് രാജ് താക്കറെ. മാർച്ച് 18 മുതൽ സംസ്ഥാനം പൂട്ടിയിരിക്കുകയാണെന്നും ആദ്യം മാർച്ച് 31 വരെയും പിന്നീട് ഏപ്രിൽ 14 വരെയും ഇപ്പോൾ മെയ് 3 വരെയും ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ടെന്നും ഇത് എപ്പോൾ അവസാനിക്കുമെന്നത് പറയാനാവില്ലെന്നും എംഎൻഎസ് മേധാവി തന്‍റെ ബന്ധുവും മുഖ്യമന്ത്രിയുമായ ഉദവ് താക്കറെക്ക് അയച്ച കത്തിൽ പറയുന്നു.
മദ്യം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനല്ലെന്നും മറിച്ച് സർക്കാരിന് വരുമാനം ഉണ്ടാക്കാനാണെന്നും അതുകൊണ്ട് ഇത്തരം സമയങ്ങളിൽ, വൈൻ ഷോപ്പുകൾ തുറന്നിടുന്നതിൽ ഒരു ദോഷവുമില്ലെന്നും രാജ് താക്കറെ പറയുന്നു. സംസ്ഥാനത്ത് മദ്യ വിൽപനയിലൂടെ ലഭിക്കുന്ന എക്സൈസ് തീരുവ പ്രതിദിനം 41.66 കോടി രൂപയും പ്രതിമാസം 1,250 കോടി രൂപയും പ്രതിവർഷം 14,000 കോടി രൂപയുമാണെന്നും താക്കറെ ഓര്‍മപ്പെടുത്തി. സാമൂഹ്യ അകലവും മറ്റ് മാനദണ്ഡങ്ങളും പാലിച്ചാൽ മദ്യവിൽപ്പനശാലകൾ തുറന്ന് പ്രവര്‍ത്തിക്കാൻ അനുവദിക്കുന്നതിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പ്രസ്താവന നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് താക്കറെയുടെ കത്ത്. ഇക്കാര്യങ്ങളിൽ ഉടനടി പരിഹാരം കാണണമെന്നും വിഷയം ഗൗരവതരമായി കാണണമെന്നും രാജ് താക്കറെ കത്തിൽ ആവശ്യപ്പെടുന്നു.