പൂനെ: ഭീമ കൊറേഗാവ് യുദ്ധത്തിന്‍റെ 202-ാം വാര്‍ഷികത്തോടനുബന്ധിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ജയ് സ്തംഭത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദലിത് നേതാവ് പ്രകാശ് അംബേദ്കറും അജിത് പവാറിനൊപ്പം ഭീമ ഗ്രാമത്തിലെത്തി പുഷ്പങ്ങളര്‍പ്പിച്ചു. കൊല്ലപ്പെട്ട സൈനികരുടെ ഓര്‍മയ്ക്ക് ബ്രിട്ടീഷുകാരാണ് ജയ് സ്തംഭം സ്ഥാപിച്ചത്.
1818 ജനുവരി 1 ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാത്തയിലെ പേഷ്വ വിഭാഗവും തമ്മില്‍ പൂനെക്കടുത്ത ഭീമ കൊറേഗാവില്‍ നടന്ന യുദ്ധം ഏറെ പ്രശസ്‌തമാണ്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ആളുകൾ ഇവിടെ എത്തുകയും വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്.
2018 ജനുവരി ഒന്നിന് കൊറെഗാവ് ഭീമ യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികാഘോഷത്തിനിടെ അക്രമമുണ്ടായി. അതിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ഇത്തവണ അനിഷ്ട സംഭവങ്ങളൊന്നും സംഭവിക്കാതിരിക്കാൻ പൊലീസ് കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഘോഷം സമാധാനപരമായിരിക്കണമെന്നും കൊല്ലപ്പെട്ട സൈനികരുടെ ഓര്‍മയ്ക്ക് മുന്നില്‍ പ്രണാമം അർപ്പിക്കുന്നതായും ജയ് സ്തംഭം സന്ദർശിച്ച ശേഷം അജിത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ഷികത്തോടനുബന്ധിച്ച് വലതുപക്ഷ നേതാക്കളായ മിലിന്ദ് എക്ബോട്ടെ, സമ്പാജി ഭിഡെ, കബീർ കലാ മഞ്ച് അംഗങ്ങൾ എന്നിവരുൾപ്പെടെ നിരവധി പേർക്ക് പൂനെ പൊലീസ് കഴിഞ്ഞ ആഴ്ച നോട്ടീസ് നൽകിയിരുന്നു. ഇവരെ ഡിസംബർ 29 മുതൽ നാല് ദിവസത്തേക്ക് ജില്ലയിലേക്ക് പ്രവേശിക്കുന്നത് വിലക്കി. പ്രതിരോധ നടപടിയുടെ ഭാഗമായി രണ്ട് വർഷം മുമ്പ് നടന്ന അക്രമവുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്ത എല്ലാവർക്കുമാണ് നോട്ടീസ് നൽകിയത്. കൊറെഗാവ് ഭീമയില്‍ അക്രമം ആസൂത്രണം ചെയ്യുകയും പ്രേരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് 2018 മിലിന്ദ് മാർച്ചിലാണ് എക്ബോട്ടെ അറസ്റ്റിലായത്. സമ്പാജി ഭിഡെക്കെതിരെ എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നെങ്കിലും അറസ്റ്റ് ചെയ്‌തിരുന്നില്ല.