ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍റെ കീഴില്‍ യുഎസ്, കാനഡ എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുമെന്ന് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ 75 വിമാനങ്ങളാണ് ജൂണ്‍ ഒൻപത് മുതല്‍ 30 വരെ ഇരു രാജ്യങ്ങളിലേക്കും പുറപ്പെടുന്നത്. ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണി മുതല്‍ ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണെന്ന് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്‌തു. വന്ദേ ഭാരത് മിഷന്‍ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായാണ് എയര്‍ ഇന്ത്യയുടെ 70 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതെന്ന് നേരത്തെ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു.
ദുബായ്, കുവൈത്ത്, അബുദാബി, മസ്‌കറ്റ്, ബെഹ്‌റിന്‍, സലാല, മോസ്‌കോ, മാഡ്രിഡ്, ടോക്കിയോ, ധാക്ക, ബിഷേക്ക്, അല്‍മാട്ടി, റിയാദ്, ദമാം എന്നിവിടങ്ങളില്‍ നിന്നായി ജൂണ്‍ ഒന്ന് മുതല്‍ 3891 പേരെ എയര്‍ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിലായി കുടുങ്ങിയ 50,000 ഇന്ത്യക്കാരെയാണ് വന്ദേഭാരത് മിഷന് കീഴില്‍ ഇതുവരെ നാട്ടിലെത്തിച്ചത്. ജൂണ്‍ 13 നിടയില്‍ അടുത്ത 100000 പേരെക്കൂടി നാട്ടിലെത്തിക്കുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു.