വ്യോമ, നാവിക സേനാ തലവന്മാരുടെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം, പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യാ പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് നടപടി.
ആഭ്യന്തര സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താനായി ചേർന്ന ആഭ്യന്തര മന്ത്രാലയ സമിതിയുടേതാണ് തീരുമാനം. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാർഷൽ ബിരേന്ദർ സിംഗ് ധനോവ, നാവികസേനാ മേധാവി അഡ്മിറല്‍സുനിൽ ലമ്പ എന്നിവർക്ക് സെഡ് പ്ലസ് സെക്യൂരിറ്റി ലഭിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. കരസേനാ മേധാവിക്ക് നിലവിൽ മതിയായ സുരക്ഷയുണ്ടെന്നും യോഗം വിലയിരുത്തി.
രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ കവചമാണ് സെഡ് പ്ലസ് വിഭാഗം. 10 എൻഎസ്ജി കമാൻഡോകളുള്‍പ്പടെ 55 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ നിയോഗിക്കപ്പെടുന്നത്. അത്യാധുനിക ആയുധങ്ങളും, ആശയവിനിമയ ഉപകരണങ്ങളും സുരക്ഷാ സംഘത്തിന്‍റെ പക്കലുണ്ടാകും.