ന്യൂഡൽഹി: ബിജെപി പ്രസിഡന്‍റ് ജഗത് പ്രകാശ് നദ്ദ നവംബർ എട്ടിന് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും രാജ്യത്തുടനീളമുള്ള വിവിധ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലത്തിന് മുന്നോടിയായാണ് യോഗം നടക്കുക. വോട്ടെടുപ്പ് ഫലങ്ങൾ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തിൽ നദ്ദ ചർച്ചചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, പുതിയ ജനറൽ സെക്രട്ടറിമാർക്ക് അവരുടെ പ്രത്യേക ചുമതലകളും ഉത്തരവാദിത്തങ്ങളും യോഗത്തിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
സെപ്റ്റംബറിൽ നദ്ദ തന്‍റെ പുതിയ ഭാരവാഹികളുടെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. മുതിർന്ന നേതാക്കളായ രാം മാധവ്, പി. മുരളീധർ റാവു, സരോജ് പാണ്ഡെ, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറിമാരായി നിയമിച്ചിരുന്നു. എന്നിരുന്നാലും, ബിഹാർ തെരഞ്ഞെടുപ്പിനുള്ള പ്രചരണം ആരംഭിച്ചതിനെ തുടർന്ന് പുതിയ ടീമിന് പ്രത്യേക റോളുകൾ നൽകിയിരുന്നില്ല.