ബീജിങ്: നിയന്ത്രണ രേഖയിലെ സംഘർഷം പരിഹരിക്കുന്നതിനായി ഇന്ത്യയുടെയും ചൈനയുടെയും സൈനിക മേധാവികൾ തമ്മിലുള്ള ചർച്ച നടക്കാനിരിക്കെ, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം. യുഎസ് സ്വാർത്ഥ താൽപര്യങ്ങൾക്കായി ഇന്ത്യയെ ഉപയോഗിക്കുകയാണെന്നും യുഎസിന്‍റെ കപട തന്ത്രങ്ങളാൽ കബളിപ്പിക്കപ്പെടരുതെന്നും ചൈന മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് അവകാശപെട്ട പ്രദേശത്തിന്‍റെ ഒരിഞ്ച് പോലും വിട്ട് തരില്ലെന്നും അതിന് ശ്രമിച്ച് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഗ്ലോബൽ ടൈംസ് ടാബ്ലോയിഡിൽ ചൈന വ്യക്തമാക്കി.
അതിർത്തി പ്രദേശത്തെ ചൈന-ഇന്ത്യ സൈനിക നടപടികളിൽ ചൈന ഒട്ടും പിന്നിലല്ലെന്ന് ഇന്ത്യയ്ക്ക് അറിയാമെന്ന് കരുതുന്നതായും ചൈനീസ് സർക്കാർ മുഖപത്രത്തിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ പറഞ്ഞു. ചൈനക്കെതിരായ ഏറ്റുമുട്ടലുകളെ പ്രോത്സാഹിപ്പിച്ച് അമേരിക്ക പുതിയ അതിർത്തി തർക്കങ്ങൾ ഉയർത്തിക്കാട്ടുകയാണെന്ന് ചൈന ആരോപിച്ചു. ചൈനയുടെ അടിസ്ഥാന ദേശീയ നയമാണ് അതിർത്തി തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുക എന്നത്. ഇന്ത്യയെ ശത്രുവായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. യുഎസും സഖ്യകക്ഷികളും ഇന്ത്യയുമായി വിവിധ സമ്പർക്ക സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് പിന്തുണയാകുമെന്ന വിശ്വാസം തെറ്റാണെന്നും ഗ്ലോബൽ ടൈംസ് കൂട്ടിച്ചേർത്തു.