ജയ്‌പൂർ: രാജസ്ഥാനിൽ കാക്കകളിൽ പക്ഷിപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി അധികൃതർ. പക്ഷിപനി സ്ഥിരീകരിച്ച പ്രദേശത്തെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ ഏർപ്പെടുത്തി. കാക്കകളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡാലി കോളജ് കാമ്പസിൽ അൻപതോളം കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സാമ്പിളുകൾ പരിശോധനക്കയച്ചത്. സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ എച്ച് 5 എൻ 8 വൈറസും ബാക്കിയുള്ളവയിൽ ഏവിയൻ ഇൻഫ്ലുവൻസയും കണ്ടെത്തുകയായിരുന്നു. നഗോറിൽ 50 മയിലുകളടക്കം നൂറിലേറെ പക്ഷികളെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
രോഗവ്യാപനം തടയാൻ ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങൾ ഉള്ളവരെ പരിശോധനക്ക് വിധേരാക്കും. അതേസമയം പക്ഷിപനി മനുഷ്യർക്ക് മാരകമായി ബാധിക്കില്ലെന്ന് പക്ഷിശാസ്‌ത്രജ്ഞൻ ഡോ. പ്രശാന്ത് തിവാരി പറഞ്ഞു.