പനാജി: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. അയൽ സംസ്ഥാനമായ ഗോവയിലെ പത്ത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ചേരാൻ ഒരുങ്ങുന്നു. ആകെ 15 അംഗങ്ങളാണ് ഗോവ നിയമസഭയിൽ കോൺഗ്രസിന് ഉള്ളത്.
പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് നിയമസഭാ സ്പീക്കർ രാജേഷ് പട്‌നെക്കർക്ക് കത്ത് നൽകി. ഇന്നലെ വൈകീട്ടാണ് ഇവർ നിയമസഭ മന്ദിരത്തിലെത്തി സ്പീകർക്ക് കത്ത് നൽകിയത്. ഈ സമയം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോ എന്നിവരും അവിടെ ഉണ്ടായിരുന്നു.
അറ്റാനാസിയോ മോൺസെറാട്ട്, ജെനിഫർ മോൺസെറാട്ട്, ഫ്രാൻസിസ് സിൽവീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലിയോഫാസിയോ ഡയസ്, വിൽഫ്രഡ് ഡിഎസ്‌എ, നീലകാന്ത് ഹലാർങ്കർ, ഇസിഡോർ ഫെർണാണ്ടസ് എന്നിവരാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരാൻ ഒരുങ്ങുന്ന എം.എൽ.എമാർ.
പാർട്ടി വിടുന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ചന്ദ്രകാന്ത് കാവ്‌ലേക്കർ തയ്യാറായില്ല. ഇതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.