മുംബൈ: വിവാദ പരാമര്‍ശം പിന്‍വലിച്ച് എ.ഐ.എം.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ വാരിസ് പത്താന്‍. മതസ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനിക്കുന്നു. രാജ്യത്തിന്‍റെ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 15ന് കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്ന പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെയാണ് വാരിസ് പത്താന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഞങ്ങള്‍ 15 കോടിയേയുള്ളൂയെങ്കിലും 100 കോടിയേക്കാള്‍ ശക്തിയുണ്ട്. 100 കോടി വരുന്ന ഭൂരിപക്ഷത്തെ മറികടക്കാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട് എന്നായിരുന്നു പ്രസ്താവന.
ബിജെപിയും മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേനയും എംഎല്‍എക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അഭിഭാഷകനായ സെയ്‌ദ് ഇജാസ് അബ്ബാസ് നല്‍കിയ പരാതിയെ തുടര്‍ന്ന് മുംബൈ പൊലീസ് അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു.