ബെംഗളൂരു: മംഗലാപുരം വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന് കരുതുന്നയാൾ കീഴടങ്ങി. ആദിത്യ റാവു എന്നയാളാണ് ബെംഗളൂരു പൊലീസിൽ കീഴടങ്ങിയത്. ബെംഗളൂരുവിലെ പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ താനാണ് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചതെന്ന് സമ്മതിച്ചു. ഉപേക്ഷിച്ച നിലയിലുള്ള ബാഗിലാണ് ബോംബ് കണ്ടെത്തിയത്.
ആദിത്യ റാവുവിന് എന്‍ജിനീയറിങ്ങിലും എം.ബി.എയിലും ബിരുദമുള്ളതായി പൊലീസ് പറയുന്നു. ബംഗളൂരു എയര്‍പോര്‍ട്ടില്‍ ലഭിക്കേണ്ടിയിരുന്ന ജോലി നിഷേധിച്ചതിൽ ഉണ്ടായ വൈരാഗ്യമാണ് ബോംബ് വെക്കുന്നതിലേക്ക് നയിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് വിവരം. യൂട്യൂബ് നോക്കിയാണ് ഇയാൾ ബോംബ് ഉണ്ടാക്കാൻ പഠിച്ചത്. പിന്നിട് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ തീവ്രവാദ സംഘനയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മംഗലാപുരം വിമാനത്താവളത്തിന്‍റെ കെഞ്ചാറിലെ ടെര്‍മിനലിലെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറില്‍ രാവിലെ പത്ത് മണിയോടെയാണ് പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐ ഇ ഡി ബോംബ് കണ്ടെത്തിയത്. തുടർന്ന് ബോംബ് വെച്ചെന്ന് കരുതപ്പെടുന്നയാളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.