ന്യൂഡൽഹി: കൊവിഡ് -19 പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് 2.2 ബില്യൺ യുഎസ് ഡോളർ (ഏകദേശം 16,500 കോടി രൂപ) സഹായം നൽകുമെന്ന് ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക് പ്രസിഡന്‍റ് മസത്‌സുഗു അസകവ.
ദേശീയ ആരോഗ്യ അടിയന്തര പരിപാടി, നികുതി ഇളവ്, മാർച്ച് 26 ന് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് എന്നിവയുൾപ്പെടെയുള്ള മഹാമാരിയോടുള്ള ഇന്ത്യൻ സർക്കാരിന്‍റെ നിർണായക പ്രതികരണത്തെ അസകവ അഭിനന്ദിച്ചു.
ഇന്ത്യയുടെ അടിയന്തര ആവശ്യങ്ങളെ പിന്തുണയ്ക്കാൻ എ.ഡി.ബി പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യമേഖലയ്ക്ക് അടിയന്തര സഹായം നൽകാനും ദരിദ്രർക്ക് സാമ്പത്തിക ആഘാതം ലഘൂകരിക്കാനുമായി 2.2 ബില്യൺ യുഎസ് ഡോളർ നൽകുമെന്നും അസകവ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച നയപരമായ നടപടികൾ ഏറ്റവും ദുർബലരായ ആളുകൾക്കും ബിസിനസുകൾക്കും ആവശ്യമായ ആശ്വാസവും ഉത്തേജനവും നൽകുമെന്നും അവ വേഗത്തിൽ വീണ്ടെടുക്കാനുള്ള അടിസ്ഥാനമായി മാറുമെന്നും അസകവ പറഞ്ഞു.
കൊവിഡ് -19 പ്രതിരോധത്തിനായി ഇന്ത്യയുൾപ്പെടെ വികസ്വര അംഗരാജ്യങ്ങളുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി മാർച്ച് 18 ന് ഏകദേശം 6.5 ബില്യൺ യുഎസ് ഡോളറിന്‍റെ പ്രാരംഭ പാക്കേജ് എഡിബി പ്രഖ്യാപിച്ചു. കൂടുതൽ സാമ്പത്തിക സഹായം നൽകാൻ എഡിബി തയ്യാറാണെന്ന് റിപ്പോർട്ടിൽ പറയുന്നു.