ന്യൂഡൽഹി: രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയായി. റിക്കവറി നിരക്ക് 95 ശതമാനത്തിലധികമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
അഞ്ചര മാസത്തിന് ശേഷമാണ് രാജ്യം മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകളിലെത്തുന്നത്. കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും ഇത് ഒരു വലിയ നേട്ടമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. സജീവമായ കേസുകൾ മൂന്ന് ശതമാനത്തിൽ കുറവാണ്. ഇതുവരെ 16.3 കോടിയിലധികം ടെസ്റ്റുകൾ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഡിസംബർ 16നും 22നുമിടയിൽ 24,135 കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.