ശത്രുസേനയുടെ വിമാനം(എഫ് 16) വെടിവെച്ചിടുന്നതിനിടെ സ്വന്തം വിമാനം (മിഗ് 21 ബൈസണ്‍) തകര്‍ന്ന് പാക് സൈന്യത്തിന്‍റ കൈയില്‍ അകപ്പെട്ട വൈമാനികന്‍ അഭിനന്ദൻ വർധമാൻ തിരികെയെത്തിയതിന് പിന്നാലെ കൂടുതൽ പ്രതികരണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിനന്ദനെ തിരികെയെത്തിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് മോദി പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യയുടെ ഓരോ നടപടിയും ലോകം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി നടന്ന സംഭവങ്ങളെ തുടർന്ന് അഭിനന്ദൻ എന്ന സംസ്കൃത വാക്കിന് പുതിയ അർഥം കൈവന്നിരിക്കുകയാണ്. പ്രശംസിക്കാനായി ഉപയോഗിച്ചിരുന്ന വാക്കായിരുന്നു അഭിനന്ദൻ എന്നാൽ ഇനി ഈ വാക്കിന് പുതിയ അർഥം വന്നിരിക്കുന്നതായും മോദി പറഞ്ഞു.
പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദനെ വെളളിയാഴ്ചയാണ് പാകിസ്ഥാന്‍ രാജ്യത്തിന് കൈമാറിയത്. അന്താരാഷ്ട്രതലത്തിലുള്‍പ്പടെ പാകിസ്ഥാന് മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെ സമാധാന സന്ദേശം എന്ന നിലയില്‍ വൈമാനികനെ കൈമാറാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനമറിയിക്കുകയായിരുന്നു.