ന്യൂഡൽഹി: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഡൽഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിക്കണം എന്ന ആവശ്യവുമായാണ് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ഹര്‍ജി നല്‍കിയത്. രാജ്യത്തെ എല്ലാ പൗരന്മാരും ഏകസിവില്‍ കോഡിന് കീഴില്‍ വരണമെന്നും വ്യക്തി നിയമം റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഏകീകൃത സിവില്‍കോഡ് ഭരണഘടന ആര്‍ട്ടിക്കിള്‍ 44ല്‍ ഉള്‍പ്പെടുത്തണമെന്നും 1965മുതല്‍ ഗോവയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഏകീകൃത സിവില്‍കോഡ് തയ്യാറാക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷനെയോ ഉന്നതതല വിദഗ്ധ കമ്മിറ്റിയെയോ നിയമിക്കണമെന്നും അഭിഭാഷകന്‍ കൂടിയായ അശ്വിനികുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ് ഏകസിവില്‍ കോഡ് നടപ്പാക്കുകയെന്നത്. എല്ലാ മതാചാരങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുന്നതോടൊപ്പം ഏകീകൃത സിവില്‍കോഡ് നടപ്പാക്കിയാല്‍ ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ നേട്ടമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.