ന്യൂഡല്‍ഹി: പടിയിറങ്ങിയാലും താന്‍ സുപ്രീം കോടതിയുടെ ഭാഗമാകുമെന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. അടുത്ത ചീഫ് ജസ്റ്റിസായ എസ്.എ ബോബ്ദേ അടക്കമുള്ളവര്‍ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. ഇനി താന്‍ ഔദ്യോഗികമായി ഈ സ്ഥാപനത്തിന്‍റെ ഭാഗമായിരിക്കില്ല. എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിഭാഷകനായും ന്യായാധിപനായും കഴിഞ്ഞ 40 വര്‍ഷം നിയമ സംവിധാനത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞു. കഴിവിന്‍റെ പരമാവധി നിയമസംവിധാനത്തെ സേവിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ നിര്‍വഹണ സംവിധാനത്തിന്‍റെ പ്രശ്നങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിച്ചതായും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. സുപ്രീം കോടതി ബാര്‍ അസോസിയേഷനെ പ്രശംസിച്ച അദ്ദേഹം രാജ്യത്താകമാനമുള്ള അസോസിയേഷനുകള്‍ ഇതിനെ മാതൃകയാക്കണമെന്നും ആവശ്യപ്പെട്ടു. 2018 ഒക്ടോബറിലാണ് ഗൊഗോയ് ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുന്നത്. നവംബര്‍ 17നാണ് അദ്ദേഹം വിരമിക്കുന്നത്.