ജയ്‌പൂർ: രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 97കാരിയെ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. വിദ്യാദേവിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്‍റ്. നീം കാ താന സബ് ഡിവിഷന്‍റെ പരിധിയിൽ വരുന്ന പുരാണവസ് ഗ്രാമപഞ്ചായത്തിൽ നിന്നാണ് വിദ്യാദേവിയെ തെരഞ്ഞെടുത്തത്.
ഇന്നലെ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വോട്ടെടുപ്പിൽ 207 വോട്ടുകൾക്കാണ് വിദ്യാദേവി തന്‍റെ എതിരാളിയായ ആരതി മീനയെ പരാജയപ്പെടുത്തിയെന്ന് നീം കാ താനയുടെ സബ് ഡിവിഷണൽ ഓഫീസർ സാധുരം ജാട്ട് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാദേവി 843 വോട്ടുകൾ നേടിയപ്പോള്‍ മീനയ്ക്ക് 636 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ആകെ 4,200 വോട്ടര്‍മാരില്‍ 2,856 വോട്ടർമാരാണ് വോട്ട് ചെയ്തത്.