ലക്‌നൗ: ആഗ്രാ ജില്ലാ ജയിലിൽ കൊവിഡ് ബാധിച്ച് തടവുകാരൻ മരിച്ചു. ആഗ്ര മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന തൊണ്ണൂറുകാരനാണ് മരിച്ചത്. തടവുകാരന് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയിലിലെ 28 അന്തേവാസികളെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. എട്ടു തടവുകാരെ ഗാർഹിക നിരീക്ഷണത്തിലും വിട്ടു. ജില്ലാ ജയിലിലെ എല്ലാ അന്തേവാസികളെയും ഉടൻ തന്നെ പരിശോധനക്ക് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ആഗ്രയിൽ പുതുതായി ഒമ്പത് വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ നഗരത്തിലെ മൊത്തം കേസുകളുടെ എണ്ണം 798 ആയി വർധിച്ചു. അതേസമയം, നഗരത്തിൽ ഇതുവരെ കൊവിഡിന് കീഴടങ്ങിയത് 27 രോഗികളാണ്. എന്നിരുന്നാലും, രോഗമുക്തി നേടുന്നവരുടെ നിരക്ക് മെച്ചപ്പെട്ടുവെന്ന് അധികൃതർ പറയുന്നു.
ആഗ്രയിൽ 485 വൈറസ് ബാധിതർ സുഖം പ്രാപിച്ചതിനാൽ ഏകദേശം 62 ശതമാനം പേർ രോഗമുക്തി നേടിയതായി കണക്കാക്കുന്നു. ഇവിടെ 283 രോഗികളാണ് ചികിത്സയിൽ ഉള്ളത്. ഇതുവരെ 10,377 സാമ്പിളുകൾ പരിശോധന നടത്തിയിട്ടുണ്ട്. കൂടാതെ, നഗരത്തിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നിർദേശത്തിൽ ഒരു സംഘം ആഗ്രയിലെത്തിയിരുന്നു. ഇവിടുത്തെ മെഡിക്കൽ സൗകര്യങ്ങളിലും 44 ഹോട്ട്സ്പോട്ട് മേഖലയിലും മാറ്റം വരുത്തിയാണ് സംഘം അഞ്ച് ദിവസത്തിന് ശേഷം തലസ്ഥാനത്ത് മടങ്ങിയെത്തിയത്.