ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ ഷെല്‍ട്ടര്‍ഹോമിലെ 90 അന്തേവാസികള്‍ക്ക് കൊവിഡ് പോസിറ്റീവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായാണ് നാരിനികേതന്‍ അഭയകേന്ദ്രത്തിലെ മുഴുവന്‍ അന്തേവാസികളെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കിയത്. ഇതില്‍ 90 പേര്‍ക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. നിലവില്‍ 200 പേരാണ് അഭയകേന്ദ്രത്തില്‍ ഉള്ളത്. ഇവര്‍ രോഗബാധിതരുമായി ഇടപഴകിയതിനാല്‍ എല്ലാ അന്തേവാസികളെയും ഇരുനിലവീടുകളിലായി ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടായതിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതില്‍ അന്വേഷണം നടക്കുകയാണെന്നും വനിതാ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നിത അഹിര്‍വാര്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ സംഘം സ്ഥിരമായി ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലെത്തി പരിശോധനകള്‍ നടത്തി ആവശ്യമായ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ഷെല്‍ട്ടര്‍ ഹോമില്‍ ആവശ്യമായ ശുചീകരണം നടത്തിയതായും അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക് കുമാര്‍ വ്യക്തമാക്കി. അതേസമയം ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ സ്വരൂപ് നഗറിലെ കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോമിലെ 57 കുട്ടികള്‍ക്ക് കഴിഞ്ഞ ജൂണ്‍ 21ന് കൊവിഡ് പോസിറ്റീവായിരുന്നു. യു.പിയില്‍ കൊറോണവൈറസ് ബാധിതരുടെ എണ്ണം 1,45,287 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 50,426 സജീവ രോഗികളുണ്ടെന്നും ഇതില്‍ 23,861 പേര് വീടുകളില്‍ ചികിത്സയിലാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. ഇതുവരെ 92,526 പേരാണ് കൊവിഡ് രോഗ മുക്തി നേടിയത്.