മീററ്റ്: കൊവിഡ് 19 വ്യാപനത്തില്‍ ജാഗ്രതയിലിരിക്കെ ഉത്തര്‍പ്രദേശില്‍ പന്നിപ്പനി പടരുന്നു. ഒമ്പത് പേരാണ് പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചിരിക്കുന്നത്. ഇതില്‍ ആറ് പേര്‍ മീററ്റില്‍ നിന്നുള്ളവരാണ്. മേഖലയില്‍ തമ്പടിച്ചിരിക്കുന്ന അര്‍ധസൈനിക വിഭാഗത്തിലെ 17 സൈനികര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആകെ 71 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ബാധയുള്ള സൈനികരെ ലാലാ ലജ്‌പത് റായ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്യാമ്പിലുള്ള 370 സൈനികര്‍ നിരീക്ഷണത്തിലാണെന്നും മീററ്റ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആശുപത്രിയില്‍ പന്നിപ്പനി ബാധിച്ചവര്‍ക്കായി പ്രത്യേക വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. ഐസോലേഷന്‍ വാര്‍ഡുകളില്‍ കൂടുതല്‍ കട്ടിലുകള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശ നല്‍കിയിട്ടുണ്ട്. കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ വീട്ടിലെ ഒരാള്‍ മാത്രമേ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പാടുള്ളുവെന്നും അല്ലാത്ത പക്ഷം രോഗം വ്യാപിക്കുന്നത് കൂടുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗിയെ പരിചരിക്കുന്നവര്‍ കൈകള്‍ ഇടയ്‌ക്കിടെ കഴുകണമെന്നും, മുഖംമൂടി ധരിക്കണമെന്നും മീററ്റ് മെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി.