ചെന്നൈ: ഇന്ത്യ - ചൈന ഉച്ചക്കോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് ചെന്നൈയിലെ പൈതൃക നഗരമായ മഹാബലിപുരത്ത് എത്താനിരിക്കെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒത്തു കൂടിയെന്നാരോപിച്ച് എട്ട് ടിബറ്റൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ജിൻ പിങ് ഒക്ടോബർ 11ന് മഹാബലിപുരം സന്ദർശിക്കും.
സന്ദർശനത്തിന് മുന്നോടിയായി ചെന്നൈയിലും മഹാബലിപുരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് സന്ദർശനം നടത്താനിരിക്കെ ടിബറ്റൻ പൗരന്മാർ പ്രതിഷേധം നടത്താൻ സാധ്യതകളുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ചെന്നൈയിൽ താംബരത്ത് താമസിച്ചിരുന്ന ടിബറ്റൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. താംബരത്തെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ ഒക്ടോബർ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.