ഗാന്ധിനഗർ: ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ എട്ട് തടവുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. രോഗബാധിതരായ തടവുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2019ല്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയായ മനുഭായ് ദേശായി എന്നയാൾക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇയാളെ ജയിലില്‍ നിന്ന് വിടുന്നതിന് മുമ്പായി കൊവിഡ് പരിശോധന നടത്താൻ ജയിൽ അധികൃതർ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മറ്റ് തടവുകാരുടെയും സാമ്പിളുകൾ ശേഖരിച്ചത്. 41 തടവുകാരില്‍ ആർടി-പിസിആർ പരിശോധന നടത്തിയിരുന്നു. അതില്‍ കൊവിഡ് പോസിറ്റീവായ എട്ട് തടവുകാര്‍ക്കും രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവരുമായി സമ്പർക്കം പുലർത്തിയ നൂറോളം തടവുകാരെ നിരീക്ഷണത്തിലാക്കി.