റാഞ്ചി: ആദിവാസി സമൂഹങ്ങളിലെ പുരാതന ആചാരമായ പത്തൽഗരിയെ എതിർത്തുവെന്നാരോപിച്ച് ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ ഏഴു പേരെ കൊലപ്പെടുത്തി. കാടിനുള്ളിൽ ഏഴു പേർ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ രാത്രിയിൽ പൊലീസ് എത്തി തിരച്ചിൽ നടത്തി. രാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ഗ്രാമത്തിന് നാല് കിലോമീറ്റർ അകലെയുള്ള കാട്ടില്‍ നിന്നാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെട്ടതിൽ ഒരു പഞ്ചായത്ത് അംഗവും ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം പ്രദേശത്ത് പത്തൽഗരിയെക്കുറിച്ച് തർക്കമുണ്ടായതായും ഇതിനെത്തുടർന്ന് പത്തൽഗരി അനുകൂലികൾ ഏഴ് പേരെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഇവർ കൊല നടത്തുന്നതിനായി ലാത്തികളും കോടാലി പോലുള്ള ഉപകരണങ്ങളുമാണ് ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. നിയമം എല്ലാത്തിനും മുകളിലാണെന്നും കുറ്റവാളികളെ യാതൊരു കാരണവശാലും വെറുതെ വിടില്ലെന്നും സംഭവത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. കേസിൽ അന്വേഷണം നടത്തി വരികയാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ഉന്നതതല യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജാർഖണ്ഡിലെ ആദിവാസി സമൂഹങ്ങൾക്കിടയിലുള്ള പുരാതന ആചാരമാണ് പത്തൽഗരി. ഒരു കല്ല് കൊത്തിയെടുത്ത് ഒരു ഗ്രാമത്തിന്‍റെ പരമാധികാരം അതിൽ പ്രതിനിധീകരിക്കുന്നതാണ് വിശ്വാസം. ഇങ്ങനെ ഗ്രാമത്തെ ഒരു സ്വയംഭരണ പ്രദേശമായി കണക്കാക്കുകയും പുറത്തുനിന്നുള്ളവരുടെ പ്രവേശനം തടയുകയും ചെയ്യുന്നു.