ബെംഗളൂരു: യുകെയിൽ നിന്ന് കർണാടകയിലേക്ക് മടങ്ങിയെത്തിയ ഏഴ് പേരില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. യുകെയില്‍ നിന്നും 1,614പേര്‍ മടങ്ങിയെത്തിയതില്‍ 26 പേര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചിരുന്നു. ജനിതകമാറ്റം വന്ന വൈറസാണോ എന്ന പരിശോധനക്കായി ഇവരുടെ സ്രവങ്ങള്‍ നിംഹാൻസിലേക്ക് അയക്കുകയും പരിശോധനയില്‍ ഏഴ് പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നു.
ഇതില്‍ മൂന്ന് പേര്‍ ബെംഗളൂരു സ്വദേശികളും നാലുപേര്‍ ശിവമോഗ സ്വദേശികളുമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഈ ഏഴുപേരുമായി 46 പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതായും ഇവരെയെല്ലാം പ്രത്യേക നിരീക്ഷണകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിതീവ്ര വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് നിലവില്‍ കുറവാണെങ്കിലും ഇത് വേഗത്തില്‍ പടരുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഇന്ത്യയില്‍ ആകെ 20 പേര്‍ക്കാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.