ടുണീസ്: ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യൻ പൗരൻമാരെ വിട്ടയച്ചതായി ടുണീഷ്യയിലെ ഇന്ത്യൻ അംബാസഡർ അറിയിച്ചു. സെപ്റ്റംബർ 14നാണ് ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴ് പേരെ ലിബിയയിലെ അശ്വറിഫിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ടുണീഷ്യയിൽ നിന്നുള്ള ഇന്ത്യൻ പ്രതിനിധി പുനീത് റോയ് കുണ്ടാൽ, മോചന വാർത്ത സ്ഥിരീകരിക്കുകയും ചെയ്‌തു. ഇന്ത്യയ്ക്ക് ലിബിയയിൽ എംബസി ഇല്ലാത്തതിനാൽ ടുണീഷ്യയിലെ ഇന്ത്യൻ ദൗത്യമാണ് ലിബിയയിലെ ഇന്ത്യക്കാരുടെ ക്ഷേമം അന്വേഷിക്കുന്നത്.
കഴിഞ്ഞ മാസം ലിബിയയിൽ ഏഴ് പൗരന്മാരെ തട്ടിക്കൊണ്ടുപോയതായും അവരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും വ്യാഴാഴ്‌ച ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ തൊഴിലാളികൾ സുരക്ഷിതരാണെന്നും അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി ടുണീഷ്യയിലെ ഇന്ത്യൻ സംഘം ലിബിയൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരൻമാരോട് ലിബിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് 2015 സെപ്റ്റംബറിൽ ഒരു അറിയിപ്പ് നൽകിയിരുന്നു. പിന്നീട്, 2016 മെയ് മാസത്തിൽ, സുരക്ഷാ സ്ഥിതി വളരെ മോശമായതിനാൽ സർക്കാർ യാത്രയുടെ ഉദ്ദേശ്യം കണക്കിലെടുക്കാതെ സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തു. ഈ യാത്രാ നിരോധനം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്.