ചണ്ഡീഗഡ്: പഞ്ചാബിൽ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 158 ആയി. ഏപ്രില്‍ 7ന് മരിച്ച 78 കാരിക്ക് കൊവിഡ് 19 കണ്ടെത്തി. ഇവര്‍ പ്രമേഹ രോഗിയാണ്. ജലന്ധറിൽ നിന്ന് മൂന്ന് കേസുകളും മൊഹാലിയിൽ നിന്ന് രണ്ട് കേസുകളും പത്താൻകോട്ട്, പട്യാല എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജലന്ധറിൽ കൊവിഡ് 19 ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളായ മൂന്ന് പേർക്ക് അണുബാധയുണ്ടായതെന്ന് അധികൃതർ അറിയിച്ചു. പട്യാലയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്‍റെ തോട്ടക്കാരന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഗുഡ്‌ഗാവില്‍ നിന്ന് മടങ്ങിയെത്തിയ 42 കാരനായ ട്രക്ക് ഡ്രൈവർ അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മൊത്തം 158 കേസുകളിൽ കൂടുതൽ രോഗബാധിതരായത് മൊഹാലിയിലാണ്. നവൻഷഹറിൽ നിന്ന് പത്തൊൻപത് കേസുകളും പത്താൻകോട്ട് 16, ജലന്ധർ 15, മൻസ, അമൃത്സർ 11 വീതവും ലുധിയാന 10, ഹോഷിയാർപൂർ 7, മൊഗ 4 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് രോഗികളുടെ നില ഗുരുതരമാണ്. മൊത്തം 158 രോഗികളിൽ 12 പേർ മരിക്കുകയും 20 പേരെ സുഖപ്പെടുത്തുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.