ലഖ്‌നൗ: കൃത്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ഔറയ്യ നഗരത്തിലെ ഗസ്റ്റ് ഹൗസിൽ നിന്ന് ഒളിച്ചോടി ഗുഡ്സ് ട്രെയിനിൽ ഒളിച്ചിരിക്കുന്ന 69 തൊഴിലാളികളെ കണ്ടെത്തി. തങ്ങൾ പട്ടിണിയിലാണെന്നും ഗുണനിലവാരമില്ലാത്തതും ക്രമരഹിതവുമായ ഭക്ഷണമാണ് ജില്ലാ ഭരണകൂടം നൽകുന്നതെന്നും കുടിയേറ്റ തൊഴിലാളികൾ ആരോപിച്ചു. സംഭവത്തിൽ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു.
വീണ്ടും ഭക്ഷണം ആവശ്യപ്പെട്ടാൽ തങ്ങളെ ഉപദ്രവിക്കുന്നതായും തെഴിലാളികൾ പറഞ്ഞു. തൊഴിലാളികൾ ഒളിച്ചോടിയതായി കണ്ടെത്തിയ അധികൃതർ ഉടൻ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി എംഎൽഎ രമേശ് ദിവകർ കുടിയേറ്റ തൊഴിലാളികളെ ആശ്വസിപ്പിക്കുകയും ഭാവിയിൽ ഒരു തരത്തിലുള്ള പ്രശ്‌നവും നേരിടേണ്ടിവരില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
അതേസമയം, തെഴിലാളികളെ അവരവരുടെ നാടുകളിലെക്ക് തിരികെയെത്തിക്കാൻ വേണ്ട ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.