ന്യൂഡൽഹി: ചൈനയിലെ വുഹാനിൽ നിന്നും 640 ഇന്ത്യക്കാരെയും ഏഴ് മാലദ്വീപുകാരെയും മാറ്റിപ്പാർപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബീജിങ്ങ് ഭരണകൂടത്തിന്‍റെ സഹായത്തോടെ വളരെ സങ്കീർണമായ ഓപ്പറേഷനിലൂടെയാണ് കൊറോണ വൈറസ് ബാധിത പ്രദേശമായ വുഹാനിൽ നിന്നും മാറ്റിയത്. രണ്ട് വിമാനങ്ങളിലായാണ് ചൈനയിൽ നിന്നും ഇവരെ എത്തിച്ചതെന്നും എംഇഎ വക്താവ് രവീഷ് കുമാർ പറഞ്ഞു. ഇവർക്ക് രോഗലക്ഷണങ്ങളില്ലെന്നും ചൈന ഗവൺമെന്‍റ് ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിൽ സഹകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മനേസറിലെ ആർമി ക്യാംപിലും ചാവ്‌ലയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്‍റെ നേതൃത്വത്തിലുള്ള ക്യാംപിലുമാണ് ഇന്ത്യ വഴി എത്തിച്ച ഇവരെ പാർപ്പിച്ചിരിക്കുന്നത്.
എന്നാൽ, തെർമൽ പരിശോധനയിൽ പരാജയപ്പെട്ട പത്ത് ഇന്ത്യക്കാരെ വുഹാനിൽ നിന്നും രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഇവരുടെ സുരക്ഷിതത്വത്തിന് ചൈനീസ് അധികാരികളിൽ നിന്നും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുപേരുടെയും വിവരങ്ങൾക്കായി ചൈന ഗവൺമെന്‍റുമായി നിരന്തരം ആശയവിനിമയം നടത്തുന്നതായും അദ്ദേഹം അറിയിച്ചു. അതേസമയം, ചൈനയിലേക്ക് അത്യാവശ്യമായി സന്ദർശനം നടത്തേണ്ട സാഹചര്യമുള്ളവർ രാജ്യത്തെ എംബസിയുമായോ ചൈനയിലെ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദേശമുണ്ട്. കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ വ്യാപിച്ച കൊറോണ വൈറസ് രോഗത്തെത്തുടർന്ന് രാജ്യത്ത് മാത്രം 562 പേരാണ് മരിച്ചത്.