ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പീയൂഷ് ഗോയല്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ബജറ്റില്‍ ധനമന്തി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 25-ന് ആയിരുന്നു നിലവില്‍ വന്നത്.
രാജ്യത്തെ 50 കോടി ജനങ്ങൾക്ക് ചികിൽസാ സൗകര്യം വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിയെക്കുറിച്ച് ജനങ്ങളിൽ വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുക എന്ന കേന്ദ്ര സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്ക് പരിഹാരമായി 10 കോടി കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നേരിട്ട് കത്തയച്ചിരുന്നു.
10.74 കോടി നിർധനകുടുംബങ്ങൾക്കു പ്രതിവർഷം അഞ്ചു ലക്ഷം രൂപ വീതം പരിരക്ഷ ലക്ഷ്യമിടുന്ന ആയുഷ്മാൻ ഭാരത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും കേന്ദ്ര സർക്കാരിന്‍റെ സ്വപ്ന പദ്ധതിയുമാണ്.
കേരളം, തെലങ്കാന, ഒഡീഷ, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ ആയുഷ്മാന്‍ പദ്ധതിയുമായി സഹകരിക്കാത്തത്. ആരോഗ്യമേഖലയിൽ സ്വയംപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം മാറിനിൽക്കുന്നത്. ഇത് വൻവിമർശനത്തിന് ഇടയാക്കിയിരുന്നു.