ന്യൂ ഡല്‍ഹി: അയോധ്യ തര്‍ക്കഭൂമിക്കേസിലെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ആക്‌ടിവിസ്‌റ്റുകളും, പണ്ഡിതന്‍മാരും അടങ്ങുന്ന 40 പേരുടെ സംഘമാണ് നവംബര്‍ 9ന് പുറപ്പെടുവിച്ച വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇര്‍ഫാന്‍ ഹാബിബ്, ജയതി ഘോഷ്, നന്ദിനി സുന്ദര്‍, പ്രഭാത് പട്‌നായിക്ക് തുടങ്ങിയിവരാണ് ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്ന പ്രമുഖര്‍.
തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും, ഒപ്പം തര്‍ക്കഭൂമിക്ക് പുറത്ത് പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമാണ് മുന്‍ ചീഫ് ജസ്‌റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഭൂമിയുടെ അവകാശം പൂര്‍ണമായും ഹിന്ദു വിഭാഗത്തിന് നല്‍കിയ വിധി ന്യായമല്ലെന്നും അതിനാല്‍ വിധി പുനപരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
രാജ്യത്തെ മതേതരത്വത്തിനെ നേരിട്ട് ബാധിക്കുന്ന വിഷയമായതുകൊണ്ടാണ് ഹര്‍ജി നല്‍കുന്നതെന്ന് ഹര്‍ജിക്കാര്‍ അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധിയില്‍ ഒരു വിഭാഗം വളരെയധികം നിരാശയിലാണ്. അയോധ്യ ശ്രീരാമന്‍റെ ജന്മസ്ഥലമാണെന്നതില്‍ സംശയമില്ല, എന്നാല്‍ ബാബരി മസ്‌ജിദ് നിന്നിരുന്നിടത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് തെളിവുകളില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഒരു വിഭാഗത്തിന്‍റെ വിശ്വാസം മറ്റൊരു വിഭാഗത്തിന്‍റെ ആശയങ്ങളുടെയും വിശ്വസങ്ങളുടെയും മേല്‍ കടന്നുകയറാന്‍ പാടില്ലെന്നും ഹര്‍ജിക്കാര്‍ കൂട്ടിച്ചേര്‍ത്തു. പൊതുവെയുണ്ടാകുന്ന സാമഹിക പ്രശ്‌നങ്ങളില്‍ ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവരാണ് ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുവന്നത്.
തര്‍ക്കഭൂമിയില്‍ ബാബരി മസ്‌ജിദ് നിലനിന്നിരുന്നുവെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഒന്നാണ്. എന്നാല്‍ അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നത് ഹിന്ദുക്കളുടെ വിശ്വാസം മാത്രമാണ്. അത്തരത്തില്‍ പരിശോധിക്കുകയാണെങ്കില്‍ കോടതി ചരിത്രത്തേക്കാള്‍ പ്രാധാന്യം നല്‍കിയത് വിശ്വാസങ്ങള്‍ക്കാണ്. അത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്‌ക്കും, മതേതരത്വത്തിനും എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ തര്‍ക്കഭൂമിക്ക് പുറത്ത് പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന വിധി റദ്ധാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.