ഷിംല: ഹിമാചൽ പ്രദേശിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 208 ആയി ഉയർന്നു. പുതിയ കൊവിഡ് കേസുകളിൽ മൂന്നെണ്ണം ഷിംലയിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. മുംബൈയിൽ നിന്നും മെയ് 18 നാണ് മൂന്ന് പേരും മടങ്ങിയെത്തിയത്. നാലാമത്തെ കേസ് ഹാമിർപൂരിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. 25 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്നും മെയ് 22 നാണ് ഇവർ തിരിച്ചെത്തിയത്. ഇവരുടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് 140 പേർ ചികിത്സയിൽ തുടരുമ്പോൾ 63 പേർ രോഗമുക്തി നേടി. കൊവിഡ് സ്ഥിരീകരിച്ച് ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 72 കാരി ഞായറാഴ്‌ച മരിച്ചു. ഇതോടെ ആകെ മരണസംഖ്യ അഞ്ചായി ഉയർന്നു. മരിച്ച 72 കാരിയുടെ ഭർത്താവിനും ഇതിനുമുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുരുതരമായ ഒന്നിലധികം രോഗം ബാധിച്ചതിനെ തുടർന്ന് ഹാമിർപൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവരെ രോഗം വഷളായതിന തുടർന്ന് ഐജിഎംസിയിലേക്ക് മാറ്റുകയായിരുന്നു. പരിശോധനക്ക് ശേഷം ശനിയാഴ്‌ചയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
മെയ് 15ന് ഹാമിർപൂർ സ്വദേശിയായ 52 കാരനും, മെയ് അഞ്ചിന് മണ്ഡി സ്വദേശിയായ 21 കാരനും കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ രണ്ടിന് 70 കാരനും, മാർച്ച് 23ന് അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ 69 കാരനും മരിച്ചു. ഹാമിർപൂരിൽ 57, കാൻഗ്രയിൽ 37, ഉനയിൽ 13, സോളനിൽ 11, മണ്ഡിയിൽ ഒമ്പത്, ബിലാസ്‌പൂരിൽ നാല്, ഷിംലയിലും ചമ്പയിലും മൂന്ന് വീതം, സിർമോറിൽ രണ്ട്, കുളുവിൽ ഒന്ന് എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം.