ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 36,145 പേർ കൊവിഡ് മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒരു ദിവസം കൊവിഡ് മുക്തരായവരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 63.92 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മരണനിരക്ക് 2.31 ശതമാനമായി കുറഞ്ഞതായി മന്ത്രാലയം അറിയിച്ചു. ഇതുവരെ 8,85,576 പേരാണ് കൊവിഡ് മുക്തരായത്. അതേ സമയം, ഇന്ത്യയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,85,522 ആയി ഉയർന്നു.
കൂടാതെ, രാജ്യത്ത് ആദ്യമായി ഒരു ദിവസം 4,40,000 കൊവിഡ് ടെസ്റ്റുകൾ നടത്തി. രാജ്യത്ത് 16 ദശലക്ഷം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,42,263 സാമ്പിളുകൾ പരിശോധിച്ചതോടെ ടെസ്റ്റ് പെർ മില്ല്യന്‍റെ (ടിപിഎം) എണ്ണം 11,805 ആയും ക്യുമുലേറ്റീവ് ടെസ്റ്റിങ് 1,62,91,331 ആയും വർദ്ധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു.
ആദ്യമായാണ് സർക്കാർ ലാബുകൾ 3,62,153 സാമ്പിളുകൾ പരിശോധിക്കുന്നത്. സ്വകാര്യ ലാബുകൾ ഒറ്റ ദിവസം കൊണ്ട് 79,878 സാമ്പിളുകളുടെ പരിശോധന നടത്തിയതായും മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.
48,661 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഞായറാഴ്ച ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 13,85,522 ആയി ഉയർന്നു. 705 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32,063 ആയി.