അഗർത്തല: ത്രിപുരയിൽ പുതുതായി 329 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 9,542 ആയി ഉയർന്നു. നാല് പേർ കൂടി രോഗത്തിന് കീഴടങ്ങിയതോടെ ത്രിപുരയിലെ ആകെ മരണസംഖ്യ 83 ആയി. സംസ്ഥാനത്തെ സജീവകേസുകളുടെ എണ്ണം 2,866 ആണ്. 6,574 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 19 പേർ ത്രിപുര വിട്ട് ഇതരസംസ്ഥാനങ്ങളിലേക്ക് മാറി.
ത്രിപുരയില്‍ ഇതുവരെ 2,51,660 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. സംസ്ഥാന മന്ത്രിസഭ കൊവിഡ് വ്യാപന സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും വൈറസ് പരിശോധനയുടെ എണ്ണം വർധിപ്പിക്കുകയും ആശുപത്രികളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുകയും ചെയ്‌തിട്ടുണ്ട്. സാമ്പിൾ പരിശോധന വേഗത്തിലാക്കാൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകാൻ നിർദേശം നൽകിയിരുന്നു. കൊവിഡ് ബാധിതരിൽ പ്ലാസ്മ തെറാപ്പി ആരംഭിക്കുന്നതിനായി ആന്‍റിബോഡി സർവേ നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.