കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 32 പേർക്ക് കൂടി കൊവിഡ് 19 റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 300 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് ചീഫ് സെക്രട്ടറി രാജിവ സിൻഹ അറിയിച്ചു. പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആറ് പേർ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 79 പേർക്കാണ് കൊവിഡ് ഭേദമായത്. ചൊവ്വാഴ്ച 855 സാമ്പിളുകളാണ് പരിശോധിച്ചത്. പുതിയതായി രോഗം ബാധിച്ച ഭൂരിഭാഗം ആളുകൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. സിസിയുവിലും ഐസിയുവിലും മൊബൈൽ ഫോണിന്‍റെ ഉപയോഗം വിലക്കിയതായും ആവശ്യമെങ്കിൽ ലാൻഡ് ഫോണുകൾ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.