ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാർ ഉടമസ്ഥതയിലുള്ള ബാലകേന്ദ്രത്തിൽ ഒക്ടോബർ 24 നും 26 നും ഇടയിൽ മൂന്ന് ശിശുക്കൾ മരിച്ചു. ആറ് മാസത്തിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ നടത്തിയ പരിശോധനയിൽ കുട്ടികൾക്ക് മതിയായ പോഷകാഹാരം നൽകിയിട്ടില്ലെന്ന് കണ്ടെത്തി.
നിലവിൽ 44 കുട്ടികൾക്കായി രണ്ട് ജോലിക്കാർ മാത്രമാണ് കേന്ദ്രത്തിലുള്ളത്. സെപ്റ്റംബർ പകുതിയോടെ സിറോളി വില്ലേജ് സെന്‍ററിൽ ജില്ലാ സെഷൻസ് ജഡ്ജി പരിശോധന നടത്തിയിരുന്നു. കണക്ക് പ്രകാരം ബാല കേന്ദ്രത്തിൽ അഞ്ച് വയസ്സിൽ താഴെയുള്ള 13 കുട്ടികളാണുള്ളത്. അവർക്ക് ശരിയായ പരിചരണമോ പോഷകാഹാരമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ജില്ലാ പ്രൊബേഷൻ ഓഫീസർക്ക് (ഡിപിഒ) ഒരു കത്ത് അയച്ചിരുന്നു.
നഗരത്തിലെ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും മരണങ്ങൾക്ക് കാരണമാകുന്നതെന്നായിരുന്നു കേന്ദ്രത്തിലെ സൂപ്രണ്ടിന്‍റെ വിശദീകരണം.നിലവിൽ കുട്ടികളെ ആഗ്രയിലെ സംസ്ഥാന സർക്കാറിന്‍റെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് ഷിഫ്റ്റുകളിലായി കുട്ടികളെ പരിപാലിക്കാൻ ആറ് സ്ത്രീകൾ, കരാർ തൊഴിലാളികൾ എന്നിവർ കേന്ദ്രത്തിലുണ്ട്.