അമൃത്‌സര്‍: ലോക്ക് ഡൗണിനെ പാകിസ്ഥാനില്‍ കുടുങ്ങിയ 46 ഇന്ത്യൻ പൗരൻമാരെ തിരികെയെത്തിച്ചു. അമൃത്‌സറിലെ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെയാണ് സംഘം ഇന്ത്യയിലെത്തിയത്. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ 748 പേര്‍ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇന്ത്യ-പാകിസ്ഥാൻ അതിര്‍ത്തികൾ അടച്ചത്.
ലോക്ക് ഡൗണില്‍ ഇളവുകൾ വരുത്തിയതോടെയാണ് പൗരൻമാരെ തിരികെ എത്തിക്കാൻ ആരംഭിച്ചത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 748 പേരെയും അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജമ്മു കശ്‌മീര്‍ സ്വദേശികളായ 250 പേരുടെ സംഘം വ്യാഴാഴ്ച അട്ടാരി-വാഗ അതിർത്തി വഴി രാജ്യത്തേക്ക് മടങ്ങിയതായി റിപ്പോർട്ടുണ്ട്. ബന്ധുക്കളെ കാണാനും മതപരമായ ചടങ്ങുകൾ നടത്താനുമായൊക്കെ പാകിസ്ഥാനിലേക്ക് പോയ ഇന്ത്യൻ പൗരന്മാർ ലോക്ക് ഡൗണിനെ തുടര്‍ന്ന് അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. ഇന്ത്യ ഗവൺമെന്‍റിന്‍റെ ഉത്തരവ് പ്രകാരം 250 പേരുള്ള മൂന്ന് സംഘങ്ങളായി ഇവരെ തിരികെ എത്തിക്കും. ഇവര്‍ സ്വന്തം സംസ്ഥാനങ്ങളിൽ ക്വാറന്‍റൈനില്‍ കഴിയണം.