പാറ്റ്ന: ബിഹാറില്‍ 27 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 170 ആയി. പുതിയ കേസുകളില്‍ എട്ടണ്ണം പാറ്റ്നയിലാണ് സ്ഥിരീകരിച്ചത്. എട്ടും പതിനാലും വയസുള്ള രണ്ട് കുട്ടികളും 35കാരനായ യുവാവും 23കാരിയായ യുവതിയും ഇതില്‍ പെടും.
കാജ്പുര രോഗം പടരാന്‍ സാധ്യത കൂടുതലുള്ള പ്രദേശമായി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി സഞ്ചയ് കുമാര്‍ പറഞ്ഞു. ഇവിടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നളന്ദ, മുഖര്‍, ജമാല്‍പൂര്‍ എന്നീ ജില്ലകളിലും രോഗം സ്ഥിരീകരിച്ചു. തബ് ലീഗില്‍ പങ്കെടുത്തവരില്‍ നിന്നും വിദേശത്തു നിന്ന് വന്നവരുമായുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് കൂടുതല്‍ രോഗം പകര്‍ന്നത്. ജമാല്‍പൂരില്‍ 60കാരിയായ പച്ചക്കറി വില്‍പനകാരിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞമാസം നളന്ദയില്‍ നടന്ന തബ് ലീഗ് യോഗത്തില്‍ പങ്കെടുത്തിരുന്നു.
ചൈന്‍പൂരിലും രോഹ്തകിലും കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. മുങ്കര്‍ ജില്ലയില്‍ 31 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 44 കൊവിഡ്-19 രോഗികള്‍ ഇതുവരെ രോഗ മുക്തരായി. 13785 സാമ്പിളുകള്‍ പരിശോധിച്ചു. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ഉപയോഗിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പച്ചക്കറികളും മരുന്നുകളും മറ്റും വാങ്ങാന്‍ പോകുന്നവര്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.