ന്യൂഡൽഹി: ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നിന്നുള്ള 27 ജില്ലകളിൽ നിന്ന് കഴിഞ്ഞ 14 ദിവസത്തിനിടയിൽ കൊവിഡ് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗ്രവാൾ. തെലങ്കാന, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, മണിപ്പൂർ, യുപി, ഛത്തീസ്ഗഡ്, കർണാടക, കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ, ഉത്തർപ്രദേശ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് കാണിച്ചിരിക്കുന്നത്. ഇതോടെ 27 ജില്ലകളും ചുവപ്പ് സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറി. സ്ഥിതി സമാനമായി തുടരുകയാണെങ്കിൽ, എല്ലാ ജില്ലകളും ഹരിതമേഖലയായി (കൊവിഡ് അണുബാധയില്ലാത്ത പ്രദേശം) മാറ്റും.
ഇന്ത്യയിലെ 325 ജില്ലകളിൽ കൊവിഡ് -19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അഗര്‍വാൾ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ദേശീയ പോളിയോ നിരീക്ഷണ ശൃംഖലയുടെ സേവനം പ്രയോജനപ്പെടുത്തി കേന്ദ്രത്തിന്‍റെ നിലവിലുള്ള നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി ഒരു കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് 19 പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ ആരോഗ്യ മന്ത്രാലയം രണ്ട് കേന്ദ്ര സംഘത്തെ മഹാരാഷ്ട്രയിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന സംഭവങ്ങൾ സർക്കാർ നിത്യേന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. സൂം ആപ്ലിക്കേഷന്‍റെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഏപ്രിൽ 20 മുതൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ പൂർണമായും പ്രവർത്തന സജ്ജമാകും. നിലവിൽ അവശ്യ ഭക്ഷണങ്ങളും മെഡിക്കൽ സാധനങ്ങളും വിതരണം ചെയ്യാൻ മാത്രമേ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് അനുമതിയുള്ളൂ
ഇന്ത്യയിൽ വ്യാഴാഴ്ച വരെ 12759 കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 10824 ആണ്.